'മറ്റ് ചെറുപ്പക്കാരുമായി സെക്‌സ് ചെയ്തിട്ടുണ്ടല്ലോ, പിന്നെ ഈ സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്'; സ്ലട്ട് ഷെയ്മിംഗ് നിരൂപണത്തിന് രൂക്ഷവിമര്‍ശനം

അജിത്ത് ചിത്രം നേര്‍ക്കൊണ്ട പാര്‍വ്വെ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ ഈ സിനിമയുടെ പ്രിവ്യു ഷോയുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നേര്‍ക്കൊണ്ട പാര്‍വ്വെയ്‌ക്കെതിരെ സ്ലട്ട് ഷെയ്മിംഗ് നിറഞ്ഞ നിരൂപണം നടത്തിയ തമിഴിലെ വലൈപേച്ച് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പ്രതിഷേധം.

ചിത്രത്തിലെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രം മദ്യപിക്കുന്ന, മുമ്പ് സെക്സ് ചെയ്തിട്ടുള്ള സ്ത്രീ ആയതിനാല്‍ അവര്‍ ആക്രമിക്കപ്പെട്ടാല്‍ ആര്‍ക്കും ഒരു അനുകമ്പയും തോന്നില്ലെന്നായിരുന്നു വീഡിയോയില്‍ അവതാരകന്‍ ആനന്ദം പറഞ്ഞത്.

ഇതിലെ സ്ത്രീകള്‍ ആരാണ് അവര്‍ പബ്ബില്‍ പോകുന്നു, പത്തൊന്‍പതാം വയസ്സില്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, പിന്നെ മറ്റ് രണ്ട് ചെറുപ്പക്കാരുമായി സെക്സ് ചെയ്തിട്ടുണ്ട്, ഇതെല്ലാം അറിയുമ്പോള്‍ ഈ സ്ത്രീകളോട് ആര്‍ക്കെങ്കിലും അനുകമ്പ തോന്നുമോ, ഇല്ല. അവര്‍ക്ക് എന്തു സംഭവിച്ചാലും ആള്‍ക്കാര്‍ക്കെന്താ

ആര്‍എസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേല്‍ എന്നിവര്‍ക്കെതിരെ പ്രേക്ഷകരും താരങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചാനലില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. “ആടൈ”, “90എംഎല്‍” തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ തമിഴ് സ്ത്രീകള്‍ ഇത്തരത്തില്‍ ജീവിക്കില്ല എന്നായിരുന്നു ചാനലിന്റെ നിരൂപണം.