'ഒരു ബോംബ് കിട്ടിയിരുന്നേല്‍ ഇവന്റെ നെഞ്ചത്ത് വച്ച് പൊട്ടിക്കാമായിരുന്നു'; നവ്യ നായരുടെ 'ഒരുത്തീ', ട്രെയ്‌ലര്‍

നവ്യ നായര്‍, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഒരുത്തീ പറയുക. രാധാമണി എന്ന കഥാപാത്രമായാണ് നവ്യ വേഷമിടുന്നത്.

ഇവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും ഒരുത്തീ. ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും പരോക്ഷമായി അവതരിപ്പിക്കും.

സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ് സുരേഷ് ബാബു ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപിസുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു.