'നന്‍പകല്‍ നേരത്ത് മയക്കം' ഈ ദിവസങ്ങളില്‍, ഈ സമയങ്ങളില്‍ കാണാം; തിയതി പുറത്തുവിട്ട് മമ്മൂട്ടി

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ ഹൈപ്പും കിട്ടിയിരുന്നു. ചിത്രം 27മത് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റ ഐഎഫ്എഫ്‌കെ പ്രീമിയര്‍ തീയതി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. മൂന്ന് ദിവസമാണ് സനിമ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക. 12-ാം തിയതി ടാഗോര്‍ തിയറ്ററില്‍ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്‌സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക.

പ്രീമിയര്‍ തീയതികള്‍ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. എല്ലാവരും ഉറങ്ങുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തെ കുറിച്ചുള്ള വിശദീകരണം ഐഎഫ്എഫ്‌കെയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

”തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങളെല്ലാം നല്ലൊരു ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നു. ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിക്കുന്നു. ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജയിംസ് വലയം പ്രാപിക്കുന്നു.”

Read more

”അതില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും അയാള്‍ സുന്ദരം ആയി ജീവിക്കുന്നത് കണ്ട് നില്‍ക്കാനേ കഴിയുന്നുള്ളൂ. ജയിംസിന്റെ ഉള്ളില്‍ കുടികൊള്ളുന്നത് തന്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോള്‍ സുന്ദരം ആകെ ആശങ്കാകുലനാകുന്നു” എന്നാണ് സിനിമയെ കുറിച്ച് വെബ്‌സൈറ്റില്‍ എത്തിയ വിശദീകരണം.