ഒരു വര്‍ഷത്തിന് ശേഷം ശേഷം ബാലയ്യ ചിത്രത്തിന് ഹിന്ദി റിലീസ്; തിയേറ്ററിലെത്തുന്നവര്‍ക്ക് ഓഫറും

2021ല്‍ എത്തിയ നന്ദമൂരി ബാലകൃഷ്ണ ചിത്രം ‘അഖണ്ഡ’യുടെ ഹിന്ദി മൊഴിമാറ്റ പതിപ്പ് റിലീസിന് എത്തുന്നു. ബാലയ്യ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ക്ക് അടുത്തിടെ ലഭിക്കാറുള്ള മികച്ച കളക്ഷനുമൊക്കെ മുന്നില്‍ക്കണ്ടാണ് ഹിന്ദി മൊഴിമാറ്റ പതിപ്പ് എത്തിയിരിക്കുന്നത്.

99 രൂപയ്ക്ക് ടിക്കറ്റ് എന്നതാണ് കാണികള്‍ക്കുള്ള ഓഫര്‍. ബാലയ്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് അഖണ്ഡ. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ പ്രത്യക്ഷപ്പെടുന്നത്.

പ്രഗ്യ ജയ്‌സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്‌നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അതേസമയം, ‘വീര സിംഹ റെഡ്ഡി’ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. നാല് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇതുവരെ 110 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ജനുവരി 12ന് ആയിരുന്നു പൊങ്കല്‍ റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തിയത്.