നാല്‍പ്പത്തിയൊന്ന് എന്റെ കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമ, മികച്ച ഒരു തിയേറ്റര്‍ അനുഭവമാണ് ഇത് നല്‍കുക: ലാല്‍ജോസ്

ലാല്‍ജോസിന്റെ ഇരുപത്തഞ്ചാമത് സിനിമ “നാല്‍പ്പത്തിയൊന്ന്” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമയാണ് നാല്‍പ്പത്തിയൊന്നെന്നാണ് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ദൃശ്യത്തിനും ശബ്ദത്തിനും വളരെ പ്രാധാന്യമുള്ള ഈ സിനിമ ഒരു മികച്ച തിയേറ്റര്‍ അനുഭവമായിരിക്കും കാഴ്ച്ചക്കാര്‍ക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിയഞ്ചാമത്തെ സിനിമ ചെയ്യുന്ന ഞാന്‍ എന്റെ കരിയറില്‍ ഇതുവരെ കൈവെച്ചിട്ടില്ലാത്ത തരം സിനിമയാണ് നാല്‍പ്പത്തിയൊന്ന്. ശബരിമല യാത്രയാണ് വിഷയം. ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ണൂരില്‍നിന്ന് ശബരിമലയ്ക്കുള്ള യാത്ര. രണ്ടുപേരുടെ മനസ്സിലൂടെയുള്ള യാത്ര. അതില്‍ കമ്യൂണിസവും വിശ്വാസവും ആചാരവുമൊക്കെയുണ്ട്. ദൃശ്യങ്ങള്‍ക്കും ശബ്ദത്തിനും വലിയ പ്രാധാന്യം കൊടുത്തിട്ടുള്ള നാല്‍പ്പത്തിയൊന്ന് ശരിക്കുമൊരു തിയേറ്റര്‍ അനുഭവമായിരിക്കും. കഥ നടക്കുന്ന സ്ഥലങ്ങളില്‍ പോയാണ് ഷൂട്ട് ചെയ്തത്. തലശ്ശേരിയും തലക്കാവേരിയും പുന്നപ്രവയലാറും അമ്പലപ്പുഴയും എരുമേലിയും പമ്പയും ശബരിമലയുമെല്ലാം ഷൂട്ട് ചെയ്തു. മഹാപ്രളയത്തിന് മുന്‍പ് തുടങ്ങിയ നാല്‍പ്പത്തിയൊന്നിന് പിന്നില്‍ നൂറുകണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്.

ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു.

നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍.