'അരുതരുത്' സ്വാമിയായി ബിജുമേനോന്‍; നാല്‍പത്തിയൊന്നിലെ രസകരമായ വീഡിയോ ഗാനം

ലാല്‍ ജോസിന്റെ പുതിയ ചിത്രം നാല്‍പത്തിയൊന്നിന്റെ ആദ്യ വീഡിയോഗാനം അരുതരുത് എത്തി. മാലയിട്ട് സ്വാമിയായി നാല്‍പത്തിയൊന്ന് ദിവസത്തെ വൃതം നോക്കുന്ന ബിജുമേനോനാണ് വീഡിയോഗാനത്തിലുള്ളത്. വൃതത്തിനിടെയുള്ള രസകരമായ രംഗങ്ങളാണ് പാട്ടിലുള്ളത്..

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് നിമിഷ സജയനാണ് നായിക. ലാല്‍ ജോസ് ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും ബിജു നായകന്‍ ആവുന്നത് ആദ്യമെന്നതും സവിശേഷതയാണ്.

കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്. നീണ്ട താടി വളര്‍ത്തി കാഷായ വേഷം ധരിച്ചാണ് ബിജു സ്വിച്ച് ഓണ്‍ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗീഷ് പി.ജി.യുടേതാണ് തിരക്കഥ.

2018 ഡിസംബറില്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം തട്ടുമ്പുറത്തു അച്യുതനാണ് ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രം. കൂടാതെ തമിഴ് സിനിമ മേഖലയില്‍ അഭിനേതാവായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലാല്‍ ജോസ്. ജീവ നായകനാവുന്ന ജിപ്‌സിയിലാണ് ലാല്‍ ജോസ് വേഷമിടുന്നത്. നടന്‍ സണ്ണി വെയ്നും ഇതില്‍ ഒരു പ്രധാന കഥാപാത്രമാണ്.