ആ സിനിമയില്‍ കണ്ട അതേ ഫീല്‍ ഈ ചിത്രത്തിലും, തുടരും കണ്ടപ്പോള്‍ തോന്നിയത്..: ഛായാഗ്രാഹകന്‍ ഫായിസ് സിദ്ദിഖ്

മോഹന്‍ലാലിന്റെ അപ്കമ്മിങ് റിലീസുകളില്‍ അധികം ഹൈപ്പ് ലഭിക്കാത്ത, എന്നാല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തെ കുറിച്ച് ഛായാഗ്രാഹകന്‍ ഫായിസ് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഈ സിനിമയിലെ വിഷ്വലുകള്‍ ഞാന്‍ കണ്ടിരുന്നു. ഇമോഷന്‍ ആയിക്കോട്ടെ, എക്‌സ്‌പ്രെഷന്‍ ആയിക്കോട്ടെ ലാലേട്ടന്‍ ഈ സിനിമയില്‍ ഞെട്ടിച്ചിട്ടുണ്ട്. ഭ്രമരം സിനിമയില്‍ എന്ത് ഫീലാണോ കിട്ടിയത് ആ ഫീല്‍ തുടരുമെന്ന് വിഷ്വലുകള്‍ കണ്ടപ്പോള്‍ എനിക്ക് അനുഭവപ്പെട്ടു എന്നാണ് ഫായിസ് സിദ്ദിഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ സിനിമയെ കുറിച്ച് സംവിധായകന്‍ സംസാരിക്കുകയും ചെയ്തിരിക്കുന്നു. ”മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന എന്റെ സിനിമ, അല്ലെങ്കില്‍ ഞങ്ങളുടെ സിനിമ, അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെടുന്ന രീതിയില്‍ ലാലേട്ടനെ അവതരിപ്പിക്കാന്‍ പറ്റി എന്നതാണ് ഏറ്റവും വലിയ സന്തോഷം.”

”എന്റെയൊക്കെ വീടിന് അപ്പുറത്തോ അയല്‍വക്കത്തോ ഒക്കെ കണ്ടിട്ടുള്ള ഒരു ടാക്‌സി ഡ്രൈവര്‍, അയാളുടെ കുടുംബം, അയാളുടെ ചുറ്റുമുള്ള കഥാപാത്രങ്ങള്‍, കൂട്ടുകാര്‍, അയാളുടെ രസകരമായ മുഹൂര്‍ത്തങ്ങള്‍, അയാളുടെ ജീവിതം, അങ്ങനെയാണ് ഇതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്” എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത്.

അതേസമയം, മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിര്‍മ്മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.