സംഗീത പരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന് പറഞ്ഞ് സംഗീതജ്ഞര്‍. ഗായകരായ അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങളുടെ വേദിയില്‍ തമന്നയുടെയും നോറ ഫത്തേഹിയുടെയും നൃത്ത പരിപാടി വേണ്ടെന്ന് ആവശ്യപ്പെട്ടത്. ഇവര്‍ ഒന്നിക്കുന്ന ‘ത്രിവേണി: ത്രീ മാസ്റ്റേഴ്സ് പെര്‍ഫോമന്‍സ്’ എന്ന പരിപാടി അഹമ്മദാബാദ്, ഡല്‍ഹി, ഇന്ദോര്‍ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്.
ഈ പരിപാടിയില്‍ നോറയുടേയും തമന്നയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അത് വേണ്ട എന്നാണ് ഗായകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ ഈ അതുല്യഗായകരിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ എം.എച്ച്. ഫിലിംസ് ലക്ഷ്യമിടുന്നത്.
നോറയുടെയും തമന്നയുടെയും നൃത്തം പരിപാടിയുടെ യഥാര്‍ഥ ലക്ഷ്യത്തെ വ്യതിചലിപ്പിക്കുമെന്നാണ് ഗായകരുടെ അഭിപ്രായം. തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പരിപാടിയുടെ മൂല്യവുമായി ഒത്തുപോകുന്ന സംഗീതജ്ഞര്‍ മതിയെന്നും ഗായകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ ഈ സംഭവത്തോട് തമന്നയോ നോറയോ പ്രതികരിച്ചിട്ടില്ല. നീരജ് പാണ്ഡ്യ സംവിധാനം ചെയ്ത സിക്കന്ദര്‍ കാ മുഖദര്‍ എന്ന സിനിമയാണ് തമന്നയുടെതായി ഒടുവില്‍ എത്തിയ ചിത്രം.