ഒരു മാസത്തിനിടെ രണ്ടാം തവണയും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി മോഹന്‍ലാല്‍. ‘എമ്പുരാന്’ ശേഷം ‘തുടരും’ ചിത്രവും 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. വെറും ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ മോഹന്‍ലാലും ശോഭനയും തരുണ്‍ മൂര്‍ത്തിയും സംഘവും തകര്‍ത്താടിയ പ്രൊമോ സോങ് പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രം 100 കോടി ക്ലബില്‍ കയറിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ ചിത്രമാണ് തുടരും. ഏപ്രില്‍ 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അധികം ഹൈപ്പൊന്നും ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക.
ഏറെക്കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read more
കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഷണ്മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവര്‍ ഷണ്മുഖന്റെ ജീവിതമാണ് സിനിമ പറയുന്നത്.







