തിയേറ്ററില്‍ പൊട്ടിപ്പാളീസായി... ഈ സിനിമകള്‍ക്ക് സംഭവിച്ചതെന്ത്?

ആശിര്‍വാദ് സിനിമാസിന്റെ ഒരു വമ്പന്‍ പ്രഖ്യാപനത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് ‘എമ്പുരാന്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തെ തുടര്‍ന്നാണ് എമ്പുരാന്‍ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വലിയ ഹൈപ്പ് ലഭിച്ച ചിത്രമാണ് എമ്പുരാന്‍.

എമ്പുരാന്‍ അടക്കം നിലവില്‍ 33 സിനിമകളാണ് ആശിവാദ് സിനിമാസിന്റെ ബാനറില്‍ ഒരുക്കിയത്. 2000ല്‍ ‘നരസിംഹം’ ഒരുക്കിയാണ് ആശിര്‍വാദ് സിനിമാസിന്റെ തുടക്കം. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസ് ഏതെന്ന് എന്ന ചോദ്യത്തിന് ആദ്യം വരുന്ന മറുപടി ആശിര്‍വാദ് സിനിമാസ് എന്ന് തന്നെയായിരിക്കും. അത് മലയാളികള്‍ക്ക് നടന്‍ മോഹന്‍ലാലിനോടുള്ള സ്‌നേഹത്തിന്റെ പുറത്തു മാത്രം വരുന്നതല്ല, മറിച്ച് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി മലയാളത്തില്‍ മികച്ച സിനിമകള്‍ തന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ കമ്പനി എന്ന പേരിലും കൂടെയാണ്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും നിര്‍മ്മിച്ച ആശിര്‍വാദിന് പലയിടത്തും കാലിടറിയിട്ടുമുണ്ട്.

How did Antony Perumbavoor join with Mohanlal ?

ആന്റണി പെരുമ്പാവൂരിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നാണ് 2007ല്‍ പുറത്തിറങ്ങിയ ‘അലിഭായ്’. ഷാജി കൈലാസ്-മോഹന്‍ലാല്‍ കോംമ്പോയില്‍ എത്തിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ സിനിമയ്ക്ക് വലിയ ഓപ്പണിംഗ് തന്നെ ലഭിച്ചിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ‘സ്‌നേഹവീട്’ ആരാധകരെ നിരാശരാക്കിയ സിനിമയായിരുന്നു. മോശം തിരക്കഥയാണ് പരാജയത്തിന് കാരണമായത്.

തൊട്ടടുത്ത വര്‍ഷം, അതായത് 2012ല്‍ എത്തിയ ‘കാസനോവ’ എന്ന സിനിമയും ഫ്‌ളോപ്പ് ആയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയ്ക്ക് മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടിയില്ല. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെത് മികച്ച മേക്കിംഗ് ആണെങ്കിലും സിനിമയുടെ കഥ ആരാധകരെ മടുപ്പിക്കുന്ന രീതിയില്‍ ആയിരുന്നു.

2013ല്‍ എത്തിയ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ സിനിമയും തിയേറ്ററില്‍ പരാജയമായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സിനിമയുടെ കഥ മലയാളികള്‍ക്ക് പരിചിതമല്ലാത്തതിനാലാണ് ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ പരാജയപ്പെട്ടത് എന്നായിരുന്നു സിദ്ദിഖ് ഈയിടെ തുറന്നു പറഞ്ഞത്.

2015ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് ‘എന്നും എപ്പോഴും’. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച സിനിമ ബോക്‌സോഫീസില്‍ വിജയിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് സിനിമ അത്ര ഇഷ്ടമായില്ല.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ ‘ആദി’ ആശിര്‍വാദ് സിനിമാസിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. ജീത്തു ജോസഫ് എന്ന ഹിറ്റ് സംവിധായകന്‍ ആണ് ഒരുക്കിയതെങ്കിലും ചിത്രം പരാജയമായി.

ആരാധകര്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മോഹന്‍ലാല്‍ സിനിമകളില്‍ ഒന്നാണ് ‘ഒടിയന്‍’. വി.എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രം വന്‍ പരാജയമായി മാറുകയായിരുന്നു.

2019ല്‍ എത്തിയ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യും പരാജയമായിരുന്നു. ചൈനീസ് പറഞ്ഞ് പുത്തന്‍ ഗെറ്റപ്പില്‍ എത്തിയിട്ടും സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

Marakkar Arabikadalinte Simham trailer: Mohanlal promises a visually  unforgettable epic drama | Entertainment News,The Indian Express

ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഏറ്റവും വലിയ ഫ്‌ളോപ്പ് ആണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ശരിക്കും പറഞ്ഞാ ബെട്ടിയിട്ട ബായത്തണ്ട് തന്നെ. നല്ല തിരക്കഥയുടെ അഭാവം തന്നെയാണ് ഇവിടെയും പണി കൊടുത്തത്.

മോണ്‍സ്റ്റര്‍ എന്ന സിനിമയുടെയും സ്ഥിതി ഇതു തന്നെയാണ്. ഒക്ടോബര്‍ 21ന് റിലീസ് ചെയ്ത സിനിമയ്ക്ക് വെറും ആറ് കോടിയാണ് തിയേറ്ററില്‍ നിന്നും നേടാന്‍ കഴിഞ്ഞത്. മലയാള സിനിമയില്‍ ആദ്യ നൂറ് കോടി കളക്ഷന്‍ നേടിയ ‘പുലിമരുകന്‍’ സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്ന എന്ന ഹൈപ്പിലാണ് മോണ്‍സ്റ്റര്‍ സിനിമ എത്തിയത്. മോശം തിരക്കഥ തന്നെയാണ് ഇത്തവണയും വിനയായത്. അധികനാള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരാന്‍ സാധിക്കാതെ ഈ സിനിമയും മടങ്ങുകയായിരുന്നു.

അതേസമയം, ഷാജി കൈലാസ് ഒരുക്കുന്ന ‘എലോണ്‍’, മോഹന്‍ലാലിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകള്‍ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ സിനിമകള്‍ കൂടി ഫ്‌ളോപ്പുകള്‍ ആയാല്‍ ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും കരിയറില്‍ കനത്ത നഷ്ടം തന്നെയായി മാറും.