'ബറോസും' 'വാലിബനും' ഏറ്റുമുട്ടുമോ? മോഹന്‍ലാല്‍ ചിത്രങ്ങള്‍ ക്ലാഷ് റിലീസിന്..!

സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ ‘ബറോസ്’, ‘മലൈകോട്ടൈ വാലിബന്‍’ എന്നീ സിനിമകള്‍. ഒന്ന് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണെങ്കില്‍, രണ്ടാമത്തേത് ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് പ്രഖ്യാപനം മുതല്‍ ഹൈപ്പ് ലഭിച്ചിരുന്നു.

ഈ സിനിമകളുടെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരു ചിത്രങ്ങളും ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബറോസ് ക്രിസ്മസ് റിലീസ് ആയി തിയറ്റില്‍ എത്തുമെന്ന് മോഹന്‍ലാല്‍ സ്ഥിരീകരിച്ചിരുന്നു.

ഡിസംബര്‍ 21ന് ചിത്രം തിയേറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ശ്രീധര്‍ പിള്ളയുടെ ട്വീറ്റ് പ്രകാരം ഡിസംബര്‍ 22ന് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യും. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തിയേറ്ററുകളില്‍ എത്തും.

ബറോസ് ഡിസംബര്‍ 21നും വാലിബന്‍ ഡിസംബര്‍ 22നും. ഇങ്ങനെ റിലീസ് ചെയ്താല്‍ തിയേറ്ററില്‍ ഏറ്റുമുട്ടുക രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്നെയാകും. ഇതിനിടെ മലൈക്കോട്ടൈ വാലിബന്‍ ഈ വര്‍ഷം റിലീസ് ചെയ്യില്ലെന്നും 2024ല്‍ വിഷു റിലീസ് ആയി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Read more

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് മോഹന്‍ലാലിനൊപ്പം എത്തുന്ന മറ്റ് താരങ്ങള്‍.