പുലിമുരുകനും ലൂസിഫറിനും ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു: മോഹന്‍ലാല്‍

അമ്പതുകോടി ക്ലബ്ബില്‍നിന്ന് നൂറുകോടി ക്ലബ്ബിലേക്ക്, അവിടെനിന്ന് ഇരുനൂറു കോടിയിലേക്ക്, അങ്ങനെ മോഹന്‍ലാല്‍ചിത്രങ്ങളിലൂടെ മലയാളസിനിമ പുതിയ ചുവടുവെപ്പുകള്‍ നടത്തുകയാണ്. ഈ നേട്ടങ്ങളൊക്കെ കൂട്ടായ ഒരു പരിശ്രമം വിജയം കണ്ടതാണെന്നും അതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുലിമുരുകനും ലൂസിഫറുമെല്ലാം നേടിയ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

ഒന്നിച്ച്, കൂട്ടായി നടത്തിയ ചില ശ്രമങ്ങള്‍ വിജയംകണ്ടു എന്നത് ആഹ്‌ളാദമുള്ള കാര്യമാണ്. എല്ലാ സിനിമകളും വിജയമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്നു. ജയപരാജയങ്ങള്‍ മുന്‍കൂട്ടി ഉറപ്പിച്ചുപറയാന്‍കഴിയാത്ത മേഖലയാണ് സിനിമ. “ദൃശ്യ”വും “പുലിമുരുക”നും “ലൂസിഫറു”മെല്ലാം ഇത്ര കളക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു. അത്തരം വിജയങ്ങള്‍ അങ്ങനെയുള്ള സിനിമകള്‍ നിര്‍മിക്കാനും സമാനശ്രമങ്ങളുമായി മുന്നോട്ടുവരാനും പലര്‍ക്കും പ്രചോദനം നല്‍കും. മലയാളസിനിമ വാണിജ്യപരമായി പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ലാല്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. ബിഗ്ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.