രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുതെന്ന് സ്റ്റാലിന്‍; 'കശ്മീര്‍ ഫയല്‍സി'ന്റെ പുരസ്‌കാരത്തില്‍ വ്യാപക വിമര്‍ശനം

‘ദ കശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആണ് കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത് എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറയുന്നത്.

”ദ കശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തി. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലത്” എന്നാണ് എം.കെ സ്റ്റാലിന്‍ പറയുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറഞ്ഞ സിനിമയ്ക്കെതിരെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 2019 ആഗസ്റ്റിലാണ് ബിജെപി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്ന് സിനിമയിലൂടെ വിവേക് അഗ്നിഹോത്രി സ്ഥാപിച്ചത് സര്‍ക്കാരിനെ കൂടി വെള്ള പൂശുന്നത് പോലെയാണ് എന്ന വിവാദങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്.

മാര്‍ച്ച് 11ന് 63 സ്‌ക്രീനുകളിലായാണ് സിനിമ റിലീസ് ചെയ്തത്. പിന്നീട് 4000 സ്‌ക്രീനുകളില്‍ വരെ സിനിമയുടെ പ്രദര്‍ശനം നടന്നിരുന്നു. ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നികുതിരഹിതമായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.