മിന്നല്‍ മുരളി ഒ.ടി.ടി റിലീസോ? പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി പോസ്റ്റര്‍; പ്രതികരിച്ച് സംവിധായകന്‍

ടൊവിനോ തോമസ് പങ്കുവെച്ച “മിന്നല്‍ മുരളി”യുടെ പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പോസ്റ്ററില്‍ അടിയില്‍ വലതു ഭാഗത്തായി നെറ്റ്ഫ്‌ളിക്‌സിന്റെ ലോഗോയും കാണാം. ഇതാണ് പ്രേക്ഷകരെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ആരാധകരുടെ ആശങ്കകള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ്. “”നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ മാത്രം”” എന്ന ക്യാപ്ഷനോടെയാണ് ബേസില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

മലയാളം അടക്കം അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയില്‍ മിസ്റ്റര്‍ മുരളി, തെലുങ്കില്‍ മെരുപ് മുരളി, മഞ്ചു മുരളി എന്നിങ്ങനെയാണ് ചിത്രത്തിന്റെ പേരുകള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി എത്തുന്നത്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.