പണം മുടക്കിയിട്ടുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്നാണ് പറഞ്ഞത്, മതനിരപേക്ഷതയ്ക്ക് വേണ്ടി അദ്ദേഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്; മമ്മൂട്ടിയെ കുറിച്ച് സജി ചെറിയാന്‍

സിനിമാജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചടങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി സജി ചെറിയാന്‍ അറിയിക്കുന്നു. സിനിമാജീവിതത്തിന്റെ അമ്പതാം വാര്‍ഷികം എന്നത് കൊണ്ട് മാത്രമല്ല മമ്മൂട്ടിയ്ക്ക് ആദരവ് നല്‍കുന്നത് എന്ന് സജി ചെറിയാന്‍ പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലും മമ്മൂട്ടി ഏറെ വ്യക്തിത്വം വെച്ച് പുലര്‍ത്തുന്നയാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

മമ്മൂട്ടിയെ ആദരിക്കുന്നതിനെ കുറിച്ച് അദ്ദേഹവുമായി ഇന്ന് വിളിച്ച് സംസാരിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമാണ് പറഞ്ഞത്. സാമ്പത്തികം മുടക്കിയ ഒരു ആദരവും എനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. ഞാന്‍ പറഞ്ഞു താങ്കളുടെ ആഗ്രഹം അങ്ങനെ ആണെങ്കില്‍ അങ്ങയുടെ സമയം നല്‍കണം എന്ന്. അദ്ദേഹം ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും.

വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശരിക്കും കഥാപാത്രങ്ങളുടെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

Read more

അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. എന്റെ മനസ്സിലേക്ക് അദ്ദേഹത്തിന്റെ പേര് കടന്നു വരുവാന്‍ ഉണ്ടായ ഒരു കാരണം അതാണ്. കെയര്‍ ആന്‍ഡ് ഷെയര്‍ പ്രൊജക്റ്റ്, വിദ്യാമൃതം പദ്ധതി. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹം വ്യക്തമാക്കി.