മഞ്ജുവും സംഘവും സുരക്ഷിത സ്ഥാനത്തേക്ക്; നടന്ന് താണ്ടേണ്ടത് 22 കിലോമീറ്റര്‍

ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതര്‍. മഞ്ജുവിനെയും സംഘത്തെയും കോക്ചാര്‍ ബേസ് ക്യാംപില്‍ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടേയ്ക്ക് 22 കിലോമീറ്റര്‍ നടന്നു വേണം എത്താന്‍. ഇവര്‍ക്ക് ഭക്ഷണവും വെള്ളം എത്തിച്ചു നല്‍കിയെന്നും ഹിമാചല്‍ മുഖ്യമന്ത്രിയുമായും പൊലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് പറഞ്ഞു.

വാര്‍ത്താ വിനിമയം ദുഷ്‌കരമായ സ്ഥലത്താണ് അവരിപ്പോഴുള്ളതെന്നും ബേസ് ക്യാമ്പിലെത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. മഞ്ജുവും ഷൂട്ടിങ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയത്. മഞ്ജുവും സനലും അടക്കം ഷൂട്ടിങ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചയായി മഞ്ജുവും സംഘവും ഛത്രയില്‍ എത്തിയിട്ട്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

Read more

സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “കയറ്റ”ത്തിന്റെ ഷൂട്ടിങ് ഹിമാലയത്തില്‍ ചിത്രീകരിക്കാനായാണ് മഞ്ജു ഛത്രുവിലെത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.