'പൊന്നിയിന്‍ സെല്‍വന്‍' രണ്ട് ഭാഗങ്ങളായി എത്തും; ആദ്യ ഭാഗം അടുത്ത വര്‍ഷം

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കാര്‍ത്തി, എ.ആര്‍ റഹ്മാന്‍, നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ചിത്രത്തിന്റെ ഒന്നാം ഭാഗം 2022ല്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

പോസ്റ്ററില്‍ ഒരു സ്വര്‍ണ്ണ നിറത്തിലുള്ള വാളുണ്ട്, കൂടാതെ ചോള രാജ്യത്തിന്റെ ചിഹ്നവും “സുവര്‍ണ്ണ കാലഘട്ടത്തിന്റെ ആരംഭം” എന്ന വാക്കുകളും ഉള്‍പ്പെടുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ.

ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവര്‍ത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുച്ചേരിയില്‍ പുനരാരംഭിച്ചു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. എ.ആര്‍.റഹ്മാന്‍ സംഗീതവും രവിവര്‍മന്‍ ഛായാഗ്രഹണവും കൈകാര്യം ചെയ്യും. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കും.