യുദ്ധഭൂമിയില്‍ വിക്രവും ജയം രവിയും, രാജകുമാരിയായി ഐശ്വര്യ റായിയും തൃഷയും; മണിരത്‌നത്തിന്റെ സ്വപ്‌നച്ചിത്രം തിയേറ്ററുകളിലേക്ക്

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ചിത്രത്തിന്റെതായി പുറത്തെത്തിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്.

കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

സംഗീതം എ.ആര്‍ റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം ‘സര്‍വം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. നിര്‍മാണം മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.