സൂപ്പര്‍ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു, 14 വര്‍ഷത്തിന് ശേഷം പൃഥ്വിരാജും മമ്മൂട്ടിയും ഒരേ ഫ്രെയ്മില്‍ എത്തും; പ്രഖ്യാപനം ഉടന്‍

ഹിറ്റ് ചിത്രം ‘പോക്കിരിരാജ’യ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു. തില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ നവാഗത സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

2010ല്‍ റിലീസ് ചെയ്ത പോക്കിരിരാജ വൈശാഖിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രവുമായിരുന്നു. പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘മുന്നറിയിപ്പ്’ ചിത്രത്തില്‍ പൃഥ്വിരാജ് കാമിയോ വേഷത്തില്‍ എത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു.

അതുകൊണ്ട് ഇരുതാരങ്ങളും വീണ്ടും ഒന്നിക്കുന്ന വിവരം പ്രേക്ഷകരില്‍ ആവേശം നിറച്ചിരിക്കുകയാണ്. അതേസമയം, ‘ടര്‍ബോ’ ആണ് മമ്മൂട്ടിയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജൂണ്‍ 13ന് ആണ് ചിത്രത്തിന്റെ റിലീസ്. ഇത് കൂടാതെ ഡീനോ ഡെന്നീസിന്റെ സംവിധാനത്തില്‍ ‘ബസൂക്ക’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

പൃഥ്വിരാജ് ‘ആടുജീവിത’ത്തിന്റെ വിജയാഘോഷത്തിലാണ്. 130 കോടിക്ക് മുകളില്‍ ചിത്രം ആഗോളതലത്തില്‍ നേടിക്കഴിഞ്ഞു. എന്നാല്‍ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ബോളിവുഡ് ചിത്രം തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. ഇനി ‘എമ്പുരാന്‍’ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാകും പൃഥ്വിരാജ്.