ജോജു പാര്‍ട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവായി മുരളി ഗോപി; മമ്മൂട്ടി ചിത്രം വണ്ണിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

സന്തോഷ് വിശ്വനാഥിന്റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം വണ്ണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ ജോജു,മുരളി ഗോപി എന്നിവരും വേഷമിടുന്നുണ്ട്.മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടുമ്പോള്‍ ജോജു ജോര്‍ജ് പാര്‍ട്ടി സെക്രട്ടറിയായിട്ടാണ് വേഷമിടുന്നത്.മുരളി ഗോപിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു. ജോജു ജോര്‍ജിന് ഇനി ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുണ്‍, ഇഷാനി കൃഷ്ണകുമാര്‍, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയില്‍ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം.

ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകളായിരുന്നു മുന്‍പ് പുറത്തു വന്നിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയന്‍ ചിത്രത്തിലേക്ക് എത്തിയിരുന്നു.