മലയാളി ലുക്കില്‍ മോഹന്‍ലാല്‍, കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് മമ്മൂട്ടി; ‘ബിഗ് എംഎസി’ന്റെ ഓണ സമ്മാനങ്ങള്‍

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. മലയാളി ലുക്കില്‍ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ടീമിനൊപ്പം ചേര്‍ന്നാണ് മോഹന്‍ലാല്‍ എല്ലാവര്‍ക്കും ഓണം ആശംസിച്ചത്. മമ്മൂട്ടിയാകട്ടെ തന്റെ പുതിയ ചിത്രമായ മാമാങ്കം ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചാണ് ഓണാശംസകള്‍ നേര്‍ന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിവ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.