അനുരാഗ് താക്കൂറിനെയും രാജീവ് ശുക്ലയെയും കണ്ട് മമ്മൂട്ടി; ഫോട്ടോയ്ക്ക് പിന്നിലെന്തെന്ന് സോഷ്യല്‍ മീഡിയ

‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി വയനാട് ആണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ എല്ലാ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. രമേഷ് പിഷാരടി പങ്കുവച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് രമേഷ് പിഷാരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജോണ്‍ ബ്രിട്ടാസും ഈ ചിത്രത്തിലുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടോ, ഐപിഎല്‍ ടീം ഏറ്റെടുക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

Read more

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാര്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സൗജന്യ പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.