പ്രേക്ഷകരില്‍ നിന്ന് ഈടാക്കിയ അമിത തുക തിരിച്ചുപിടിക്കണം; തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൊളളയ്‌ക്ക് എതിരെ കോടതി

തീയേറ്ററുകളില്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ രംഗത്ത് വന്ന് മദ്രാസ് ഹൈക്കോടതി. പ്രേക്ഷകരില്‍ നിന്ന് അമിതമായി ഈടാക്കിയ തുക തീയേറ്ററുകളില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ട് പോലും തീയേറ്ററുകള്‍ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ഇത്തരത്തില്‍ അമിതമായി ഈടാക്കിയ തുക തിരിച്ചുപിടിക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

തമിഴ്നാട്ടിലെ തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച രണ്ട് ഉത്തരവുകള്‍ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സാധാരണ തീയേറ്ററുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 120 രൂപയായും ഐമാക്‌സ് തീയേറ്ററുകളില്‍ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരുമ്പോള്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ കണ്ടെത്തിയാല്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു വിധ നടപടികളും ഉണ്ടാവുന്നില്ലെന്നും സാധാരണ 1000 രൂപ മാത്രമാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുന്നത് എന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.