'ഇതാണ് ആ പടം, പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ എടുത്തത്'; ഭീഷ്മ പര്‍വം ടൈറ്റില്‍ സ്റ്റില്ലിനെ കുറിച്ച് മാല പാര്‍വ്വതി

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷങ്ങള്‍ ശേഷം എത്തിയ അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന് തുടക്കം മുതലേ ഹൈപ്പ് ലഭിച്ചിരുന്നു. മാര്‍ച്ച് 3ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്.

ഭീഷ്മ പര്‍വത്തില്‍ തന്റെ കഥാപാത്രത്തിന്റെ പഴയകാല ചിത്രമായി ടൈറ്റിലില്‍ എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് മാല പാര്‍വ്വതി. മോളി എന്ന കഥാപാത്രമായാണ് മാല പാര്‍വ്വതി സ്‌ക്രീനില്‍ എത്തുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്റെ സഹോദരന്‍ മത്തായി അഞ്ഞൂറ്റിക്കാരന്റെ ഭാര്യയാണ് മോളി. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ കഥാപാത്രങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണിക്കുന്നതിന്റെ കൂട്ടത്തിലെത്തിയ തന്റെ ചിത്രമാണ് മാല പാര്‍വ്വതി പങ്കുവച്ചിരിക്കുന്നത്.

”ഭീഷ്മ പര്‍വത്തില്‍, ടൈറ്റിലില്‍ ഉള്ള ഈ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ എന്ന് ഒരു ശ്രീജിത്ത് ചോദിച്ചിരുന്നു. ഇതാണ് ആ പടം. പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള പാരമൗണ്ട് സ്റ്റുഡിയോയില്‍ പോയി എടുത്തതാണ്.”

”യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി അള്‍ സെയിന്റ്സ് കോളജില്‍ മല്‍സരിക്കുന്ന സമയത്ത്, നോട്ടീസില്‍ വയ്ക്കാനാണ് പടം എടുത്തത്” എന്നാണ് ചിത്രം പങ്കുവച്ച് മാല പാര്‍വതി കുറിച്ചിരിക്കുന്നത്.