വര്‍ഗീയത', 'ഡയറക്ടര്‍ വിഷമാണ് ചീറ്റുന്നത്'; ലവ് ജിഹാദ് സിനിമാടീസറിലെ പര്‍ദ്ദ പരാമര്‍ശം വിവാദമാകുന്നു

ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ലവ് ജിഹാദ് സിനിമയുടെ ടീസറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. സംവിധായകനും സിനിമയ്ക്കും എതിരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്.കഴിഞ്ഞ ദിവസമായിരുന്നു ലവ് ജിഹാദിന്റെ ടീസര്‍ റിലീസ് ചെയ്തത്.

ലെനയും സിദ്ദിഖും തമ്മിലുള്ള ഒരു സംഭാഷണ രംഗമായിരുന്നു ടീസറില്‍ ഉള്ളത്. ‘ഇത്ര ആളുകളുടെ കണ്ണ് വെട്ടിച്ച് ഓള്‍ എങ്ങനെ മുങ്ങി’ എന്ന് സിദ്ദിഖിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ പര്‍ദ്ദ ഇട്ട് അങ്ങ് പോയെന്നാണ് ലെന നല്‍കുന്ന മറുപടി. തുടര്‍ന്ന് സിദ്ദിഖിന്റെ കഥാപാത്രം രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് പറയുന്നതോടെ ടീസര്‍ അവസാനിക്കുന്നു.

രംഗം ഇസ്ലാം മതത്തെ കളിയാക്കുന്ന തരത്തിലാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിരവധിപ്പേരാണ് ടീസറിന് താഴെ മോശം കമന്റുകളുമായി എത്തിയത്. ‘, ‘ഡയറക്ടര്‍ വിഷമാണ് ചീറ്റുന്നത്’, ‘സിനിമ എന്നത് മറ്റുള്ളവരെ വേദനപ്പിക്കാന്‍ വേണ്ടി ആകരുത്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാഷ് മുഹമ്മദ്. ശീഅജ് ബാഷ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും ശ്രീകുമാര്‍ അറയ്ക്കലും ചേര്‍ന്നാണ്. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, മീര നന്ദന്‍ തുടങ്ങിയവര്‍ സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ്- മനോജ്, ഛായാഗ്രഹണം- പ്രകാശ് വേലായുധന്‍, സംഗീതം- ഷാന്‍ റഹ്‌മാന്‍, വരികള്‍- ഹരിനാരായണന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍