ആ 'പ്രമുഖന്‍' നിവിന്‍ പോളി? നടനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ലിസ്റ്റിന്‍ സ്റ്റീഫനും 'ബേബി ഗേള്‍' സംവിധായകനും! ചര്‍ച്ചയാകുന്നു

മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ ചെയ്ത തെറ്റോ ഒന്നും വെളിപ്പെടുത്താതെയാണ് ലിസ്റ്റിന്‍ ഗുരുതര ആരോപണം ഉന്നയിച്ചത്.

ലിസ്റ്റിന്‍ പറഞ്ഞ ആ തെറ്റുകാരന്‍ നിവിന്‍ പോളിയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ‘ബേബി ഗേള്‍’ എന്ന ചിത്രം ഒരുക്കുകയാണ് നിലവില്‍ ലിസ്റ്റിന്‍. കഴിഞ്ഞ മാസമാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ ഈയടുത്ത് ലിസ്റ്റിനും സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മയും നിവിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

നിവിനും ലിസ്റ്റിനെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ നിന്നും നീക്കിയിട്ടുണ്ട്. എന്നാല്‍ സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിന്‍ സ്റ്റീഫനും സംവിധായകന്‍ അരുണ്‍ വര്‍മയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇതാണ് ആ ‘പ്രമുഖ’ താരം നിവിന്‍ ആണെന്ന സംശയങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

അതേസമയം, ദിലീപിനെ നായകനായി എത്തുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ”മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്.”

Read more

”വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.