പ്രമുഖ നടന്‍ വലിയ തെറ്റിനാണ് തിരി കൊളുത്തിയിരിക്കുന്നത്..; ഗുരുതര ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നടന്റെ പേരെടുത്ത് പറയാതെയാണ് ലിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആ നടന്‍ ഇനിയും തെറ്റ് തുടര്‍ന്ന് കഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞു. ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ സംസാരിച്ചത്.

”മലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും.”

”പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്ന് കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും” എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍. അതേസമയം, പ്രശ്‌നം എന്താണെന്നോ നടന്‍ ഏതാണെന്നോ പറയാതെയുള്ള ലിസ്റ്റിന്റെ വാക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

Read more

വിഷയത്തില്‍ ലിസ്റ്റിനെ വിമര്‍ശിച്ചാണ് കൂടുതല്‍ ആളുകളും എത്തുന്നത്. ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്റുകള്‍.