ഷാജി പാപ്പന്‍ സ്‌റ്റൈല്‍ ഹോളിവുഡിലും; ഗോള്‍ഡന്‍ ഗ്ലോബില്‍ പാപ്പാൻ സ്‌റ്റൈലുമായി താരങ്ങൾ

ഷാജിപാപ്പനും ആടും കേരളക്കര അടക്കി വാഴുകയാണ്. സിനിമയില്‍ ഷാജിപാപ്പനുടുത്ത മുണ്ടും തരംഗമാകുന്ന സാഹചര്യത്തിൽ പാപ്പന്‍ സ്‌റ്റൈല്‍ അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങിലാണ് പാപ്പന്റെ സ്റ്റൈലിൽ താരങ്ങൾ രംഗത്തെത്തിയത്. ദി മെട്രിക്‌സ് ട്രിലോജി എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്‌ബേണാണ് ആട് സ്റ്റൈലിൽ വസ്ത്രം ധരിച്ച് “ഖ്യാതി” ഹോളിവുഡിലും എത്തിച്ചത്.

ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഡബിള്‍ സൈഡഡ് മുണ്ടാണ് ഷാജി പാപ്പന്റെ വേഷം. ഇവിടെ മുണ്ടായിരുന്നെങ്കില്‍ നീളന്‍ കുര്‍ത്തയുടെ ഇരുവശത്തും ചുവപ്പും കറുപ്പും നിറങ്ങളുമായാണ് ലോറന്‍സ് എത്തിയത്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്.

ആട് ആദ്യ ഭാഗത്ത് ചുവന്ന നിറമുള്ള മുണ്ടായിരുന്നു. രണ്ടാം ഭാഗത്ത് രണ്ടു കളറുകളുള്ള മുണ്ടുകളുമായി പാപ്പന്‍ വന്നപ്പോള്‍ അത് കൂടുതല്‍ ട്രന്റായി മാറി. ഷാജിപാപ്പനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ സരിതയാണ് ഈ മള്‍ട്ടികളര്‍ മുണ്ട് ഡിസൈന്‍ ചെയ്തത്.