ലാല്‍ ജോസ് ചിത്രങ്ങളിലെ രംഗങ്ങള്‍ ടിക് ടോക് ചെയ്യൂ, സമ്മാനം നേടൂ; ടിക് ടോക് ചലഞ്ചുമായി 'നാല്പത്തിയൊന്നി'ന്റെ ടീം

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാല്‍പ്പത്തിയൊന്ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഈ വേളയില്‍ ഒരു ടിക് ടോക് ചലഞ്ചുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലാല്‍ ജോസ് 25 ചലഞ്ച് എന്നാണ് ചലഞ്ചിന്റെ പേര്.

ലാല്‍ ജോസ് ചിത്രങ്ങളിലെ ഡയലോഗോ ഗാനങ്ങളോ ടിക് ടോക് ചെയ്യുകയാണ് ഇവിടെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്ന ടിക് ടോക് വീഡിയോ ലാല്‍ജോസ് 25, 41 മൂവി എന്നീ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യുക. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചലഞ്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കില്‍ അപ്പളപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.