പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കുന്നവര്‍.. ആശ്വാസവും അഭിമാനവും തോന്നുന്നു; പ്രശംസിച്ച് കെ.കെ ശൈലജ

മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് നടത്തിയ പ്രതികരണത്തെ പ്രശംസിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജ. ”മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം’- എന്ന മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

ഈ പോസ്റ്റിനെ പ്രശംസിച്ചു കൊണ്ടാണ് മന്ത്രിയുടെ പ്രശംസ. ”പുതിയ തലമുറ മനുഷ്യത്വത്തിന്റെ മഹത്വം മനസിലാക്കുന്നവരാണ് എന്ന് കാണുന്നതില്‍ ആശ്വാസവും അഭിമാനവും തോന്നുന്നു. മീനാക്ഷിക്കുട്ടിക്ക് അഭിനന്ദനങ്ങള്‍” എന്നാണ് കെ.കെ ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

”മത മതിലുകള്‍ക്കപ്പുറമാണ്. മതനിരപേക്ഷത. ചോദ്യം: നമ്മുടെ നാട്ടില്‍ മതനിരപേക്ഷതയെന്നത് പൂര്‍ണ്ണമായ അര്‍ഥത്തില്‍ സാദ്ധ്യമാണോ. വളരെ വലിയ അര്‍ഥതലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍, ചെറിയ വാചകങ്ങളില്‍ ഉത്തരം. ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’യെന്നാണെന്റെ ‘മതം” എന്നായിരുന്നു മീനാക്ഷിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം, മീനാക്ഷിയുടെ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചുള്ള മീനാക്ഷിയുടെ പോസ്റ്റിനാണ് മന്ത്രി മറുപടി നല്‍കിയത്. കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ എല്ലാം പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.