'സര്‍ജറി കഴിഞ്ഞു, ഇനി വിശ്രമിക്കണം'; ആശുപത്രിയില്‍ നിന്നുള്ള ചിത്രവുമായി ഖുശ്ബു

താന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും നടി ഖുശ്ബു. ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ട്വീറ്റ്.  കോക്സിക്സ് അസ്ഥി ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്.

”ശസ്ത്രക്രിയ കഴിഞ്ഞു. വീട്ടില്‍ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയില്‍ സജീവമാകും” എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.

അടുത്തിടെ ഭാരം കുറച്ച മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 20 കിലോയോളം ഭാരമാണ് കുശ്ബു കുറച്ചത്. കഠിനമായ വ്യായാമത്തിലൂടെയും അധ്വാനത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് ഖുശ്ബു പറഞ്ഞിരുന്നു.

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍, സത്യരാജ്, പ്രഭു, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്.