ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാകും, ബജറ്റ് മൂന്നിരട്ടി, പഞ്ചുരുളിയുടെ കഥയുമായി 'കാന്താര 2'; തീപാറുന്ന ടീസര്‍ എത്തി

ഗംഭീര വിജയം നേടി കന്നട സിനിമയിലെ നാഴികക്കല്ലായി മാറിയ ‘കാന്താര’യുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ എത്തി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ആദ്യ ഭാഗത്തില്‍ കണ്ട കഥയ്ക്ക് മുമ്പ് നടന്ന സംഭവങ്ങളാകും രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക.

ഋഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.

കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചുരുളിയുടെ ഉത്ഭവം മുതല്‍ എ ഡി 300-400 കാലഘട്ടത്തിലെ കഥയാകും പ്രീക്വലില്‍ പറയുക.

ഋഷഭിനൊപ്പം അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. അതേസമയം, 16 കോടി ബജറ്റില്‍ ആയിരുന്നു ആദ്യ ഭാഗം ഒരുക്കിയത്.

എന്നാല്‍ മൂന്നിരട്ടി ബജറ്റിലാണ് രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം കന്നഡയില്‍ മാത്രം റിലീസ് ചെയ്ത കാന്താര പിന്നീടാണ് രാജ്യത്തെ മറ്റ് ഭാഷകളിലേക്കും എത്തിയത്. ചിത്രം ആഗോളതലത്തില്‍ 450 കോടിയോളം കളക്ഷന്‍ ആണ് നേടിയത്.