വൻ പരാജയമായി കങ്കണ ചിത്രം 'ധാക്കഡ്' ; എട്ടാം ദിനത്തിൽ ഇന്ത്യയിലാകെ നേടിയത് 4,420 രൂപ

ബോളിവുഡിൽ വൻ പരാജയമായി മാറി കങ്കണ റണാവത്ത് ചിത്രം ധാക്കഡ്. കങ്കണ നായികയായെത്തിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലാകെ നേടിയത്  4,420 രൂപ മാത്രമാണ്. ആകെ വിറ്റുപോയത് 20 ടിക്കറ്റുകൾ . 100 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിനാണ് കഴിഞ്ഞ ദിവസം വരുമാനമായി ലഭിച്ചത് 4420 രൂപ ലഭിച്ചത്.

ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമാതാക്കൾ വൻനഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ബിഗ് ബജറ്റ് ചിത്രമാണ് എന്നുള്ളിടത്താണ് പരാജയഭാരം വർധിക്കുന്നത്.

തിയേറ്ററിൽ നിന്ന് വൻ നിരാശമാത്രം നേടാനായതോടെ ചിത്രം ഇപ്പോൾ സ്ട്രീമിംഗ് വിതരണം കണ്ടെത്താൻ പാടുപെടുകയാണ്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത ശാശ്വത ചാറ്റർജി എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു.

ചിത്രത്തിന് തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ എത്തിയിരുന്നു. പിന്നീട് നേരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ‘ധാക്കഡ്’ ചിത്രത്തിനേക്കാൾ കളക്ഷനും ലഭിച്ചിരുന്നു.

ചിത്രം ഒമ്പത് കോടിക്ക് മേൽ കളക്ഷൻ നേടുകയും ചെയ്തു. ഇതും കങ്കണ ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ‘ധാക്കഡ്’. ‘കാട്ടി ബാട്ടി’, ‘രൻഗൂൺ’, ‘മണികർണിക’, ‘ജഡ്ജ്മെന്റൽ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകൾക്കും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.

തമിഴിൽ നിർമിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിർമാണ ചെലവ് 100 കോടിയായിരുന്നു. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.