ആ 55 മിനിറ്റ് കട്ട് ചെയ്തു, ആദ്യം തിയേറ്ററില്‍ ദുരന്തമായ സിനിമ പിന്നീട് ഹിറ്റ് ആയി; കമല്‍ ഹാസന്‍ ചിത്രം ഇനി യൂട്യൂബില്‍ കാണാം

2001ല്‍ പുറത്തിറങ്ങി ബോക്സ് ഓഫീസില്‍ ദുരന്തമായി മാറിയ ചിത്രമായിരുന്നു കമല്‍ ഹാസന്റെ ‘ആളവന്താന്‍’. ചിത്രത്തിന്റെ എച്ച്ഡി പതിപ്പ്‌ ഇപ്പോള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അന്ന് തിയേറ്ററില്‍ തകര്‍ന്ന ചിത്രത്തിന്റെ റീമാസ്റ്റേഡ് വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്തിരുന്നു. 1000 തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ റീ റിലീസ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് അന്ന് നഷ്ടമായിരുന്നു. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആളവന്താന്‍. ഒരു പരാജയചിത്രം റീ റിലീസിന് എത്തുന്നുവെന്നത് പ്രഖ്യാപന സമയത്ത് സിനിമാലോകത്ത് അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.

എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്റെ റീ റിലീസ് വിജയമായിരുന്നു. മൂന്ന് മണിക്കൂറോളമായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ 55 മിനിറ്റോളം കട്ട് ചെയ്ത് ആണ് റീമാസ്റ്റേര്‍ഡ് പതിപ്പ് എത്തിയിരിക്കുന്നത്.

123 മിനിറ്റ് മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ എഡിറ്റ് ആസ്വാദനത്തെ മികച്ചതാക്കിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. കമലിന്റെ കഥാപാത്രത്തിന്റെ ഓപണിംഗ് സീനിന് തിയേറ്ററുകളില്‍ ലഭിക്കുന്ന കൈയടിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത് ഒരു റീ റിലീസ് ചിത്രമായി അനുഭവപ്പെടുന്നില്ല എന്നാണ് നിരവധി ആരാധകര്‍ പറയുന്നത്. കമലിന്റെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ കൈയ്യടിയാണ് ലഭിച്ചത്. കമലിനൊപ്പം രവീണ ടണ്ടന്‍, മനീഷ കൊയ്‌രാള, മാധുരി ജി എസ് മണി, മിലിന്ദ് ഗുണജി, ശരത്ത് ബാബു, ഫാത്തിമ ബാബു, അനു ഹസന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.