'കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോള്‍ സംഭവിക്കുന്നത്, 'മാസ്റ്റര്‍' സ്റ്റുഡന്റിനെ കണ്ടപ്പോള്‍': വിജയ്‌ക്കൊപ്പം കാളിദാസ്

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം “പാവ കഥൈകളി”ല്‍ മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ചവെച്ചത്. നടന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റ് ആയാണ് കാളിദാസിന്റെ സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം എത്തിയത്. കാളിദാസിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാര്‍ വിജയ്‌ക്കൊപ്പം എന്ന് സൂചന.

വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കാളിദാസ് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. “”കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോള്‍ സംഭവിക്കുന്നത്. മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍. നന്ദി വിജയ് സര്‍. ഇത്രയും സമയം ചെലവഴിച്ചതിന്. എന്നെ സംബന്ധിച്ച് വളരെ അമൂല്യമാണിത്”” എന്നാണ് ചിത്രത്തിനൊപ്പം കാളിദാസ് കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13-ന് തിയേറ്ററുകളില്‍ എത്തുകയാണ്. ലോക്ഡൗണ്‍ കാലത്ത് കാളിദാസ് അഭിനയിച്ച പാവ കഥൈകള്‍, പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രങ്ങളും നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രശംസയും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യുടെയും കാളിദാസിന്റെയും കൂടിക്കാഴ്ച.

അതേസമയം, ജാക്ക് ആന്‍ഡ് ജില്‍, ബാക്ക്പാക്കേഴ്‌സ് എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ബിഗില്‍ ആയിരുന്നു വിജയ്‌യുടെതായി ഒടുവില്‍ റിലീസിന് എത്തിയ ചിത്രം. മാസ്റ്ററിന്റെ റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജോണ്‍ ദുരൈ എന്ന കോളജ് പ്രൊഫസറായാണ് വിജയ് ചിത്രത്തില്‍ വേഷമിടുന്നത്.