ടീസറില്‍ അസഭ്യം; ജ്യോതികയ്ക്കും സംവിധായകനുമെതിരെ കേസ്

പുതിയ ചിത്രമായ നാച്ചിയാറിന്റെ ടീസറില്‍ അസഭ്യ പദപ്രയോഗം നടത്തിയതിന് ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ പൊലീസ് കേസ്. സംഭാഷണം സ്ത്രിത്വത്തെ അപമാനിക്കുന്നതാണ് എന്ന ചെന്നൈ സ്വദേശിയായ ഡ്രൈവര്‍ രാജന്‍ മേട്ടുപാളയം മജിസ്‌ട്രേറ്റ് കോടതിയില്‍സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തയായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ജ്യോതികയെത്തുന്നത്. ജ്യോതികയുടെ രണ്ടാം വരവിലെ മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അസഭ്യവാക്ക് ഉപയോഗിച്ചതിന് സെക്ഷന്‍ 294(ബി), ഐടി ആക്ടിലെ ഐപിസി സെക്ഷന്‍ 67 പ്രകാരവും കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

ചിത്രത്തിന്റെ ടീസറില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ജ്യോതിക സംസാരിക്കുന്നുണ്ട്. ഇത് നിയമപരമായിതെറ്റാണെന്നും രാജന്റെ അഭിഭാഷകന്‍ റഹ്മത്തുള്ള പറഞ്ഞു. എന്നാല്‍ കേസിനെപ്പറ്റി ജ്യോതിക പ്രതികരിച്ചിട്ടില്ല.

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്നും വിട്ടുനിന്ന ജ്യോതിക മകളീര്‍മട്ടും എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. അതിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് നാച്ചിയാര്‍. അടുത്ത വര്‍ഷം മണിരത്‌നം ചിത്രത്തിലും ജ്യോതിക ഉണ്ടാകും.