‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക്; തിരക്കഥ പൂര്‍ത്തിയായെന്ന് സംവിധായകന്‍

Advertisement

ചെമ്പന്‍ വിനോദ് ജോസ്- വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം ‘ഉറമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോക് തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുന്നത്. ജിജുവിന്റെ തമിഴ് അരങ്ങേറ്റം ചിത്രം കൂടിയാണിത്.

”സിനിമയുടെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി. തമിഴ് പ്രേക്ഷകര്‍ക്കായി ഇത് നന്നായി ട്യൂണ്‍ ചെയ്യുക മാത്രമാണ് അവശേഷിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ് തീരുമാനമായി, രണ്ടാഴ്ചയ്ക്കുള്ളില്‍ കാസ്റ്റിംഗ് നടത്തും. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍”എന്ന് ജിജു അശോകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഉറുമ്പുകൾ…. തമിൾ….. ഉടൻ…….. !🙏🙏❤️

Posted by Jiju Asokan on Sunday, August 2, 2020

വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥയാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല സിനിമ പറയുന്നത്. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വെച്ച് മനോജ് എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത് പരിശീലനത്തിനായി എത്തിക്കുന്നു.

തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ് ഈ സിനിമ. സുധീര്‍ കരമന, ഇന്നസെന്റ്, അജു വര്‍ഗീസ്, അനന്യ, ഷാജോണ്‍, വനിത കൃഷ്ണചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.