ജയസൂര്യയുടെ 'അന്വേഷണം'; റിലീസ് തിയതി പ്രഖ്യാപിച്ചു

ജയസൂര്യ നായകനായെത്തുന്ന ചിത്രം “അന്വേഷണ”ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസിന്റേതാണ്. സത്യം എല്ലായ്പ്പോഴും വിചിത്രമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫാമിലി ത്രില്ലര്‍ ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ. ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. തൃശൂര്‍ പൂരമായ ജയസൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.