ജഗതിക്കൊപ്പമുള്ള കുടുംബ ചിത്രം ശ്രീലക്ഷ്മിയ്ക്ക് സമ്മാനിച്ച് അമ്മ; വികാരനിര്‍ഭരമായി വിവാഹവേദി- വീഡിയോ

നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചു നടന്നിരുന്നു. ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹസമ്മാനമായി ജഗതി ശ്രീകുമാറിനൊപ്പമുള്ള കുടുംബചിത്രമാണ് അമ്മ കല ശ്രീകുമാര്‍ മകള്‍ക്ക് സമ്മാനിച്ചത്. അമ്മയുടെ സമ്മാനം നിറകണ്ണുകളോടെയാണ് ശ്രീലക്ഷ്മിയും ജിജിനും ഏറ്റുവാങ്ങിയത്.

വധൂവരന്മാര്‍ക്കൊപ്പം ജഗതിയും കലയും നില്‍ക്കുന്ന ഛായാചിത്രമാണ് ശ്രീലക്ഷ്മിക്കു സമ്മാനിച്ചത്. 2012-ലാണ് നടന്‍ ജഗതി ശ്രീകുമാര്‍ തനിക്ക് ശ്രീലക്ഷ്മി എന്നൊരു മകളുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ജഗതിയുടെ കുടുംബം തയ്യാറായിരുന്നില്ല. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം ആദ്യമായി ജഗതി ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അച്ഛനെ കാണാന്‍ പൊതുവേദിയിലേക്ക് ഓടിയെത്തിയ ശ്രീലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ലുലു ബോല്‍ഗാട്ടി സെന്ററില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ മലയാളസിനിമയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി.

Read more