അയാള്‍ ജീവനോടെ ഉണ്ടോ, എന്താണ് ഈ ദൃശ്യങ്ങള്‍ പറയുന്നത്; പുഷ്്പ 2 പ്രോമോ

അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന പുഷ്പ 2 വിന്റെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. അല്ലുവിന്റെ പിറന്നാള്‍ ദിന തലേന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ആയിരുന്നു രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്.

ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.