'35 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു'; ഇന്ത്യൻ 2 വിൽ കമൽഹാസന് ഒപ്പം മറ്റൊരു സൂപ്പർ താരം കൂടി

കമൽഹാസൻ കേന്ദ്രകഥാപാത്രമായെത്തുന്ന ഇന്ത്യൻ 2 വിൽ മറ്റൊരു സൂപ്പർതാരം കൂടിയെത്തുന്നു. ഇന്ത്യൻ 2 വിൽ കമൽഹാസനൊപ്പം സത്യരാജും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 35 വർഷത്തിന് ശേഷമാണ് കമൽഹാസനും സത്യരാജും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

ഇന്ത്യൻ 2′ വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം നന്ദു പൊതുവാള്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ്  ആരാധകരെ അറിയിച്ചത്. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂര്‍ത്തീകരിക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാർത്തിക്കാണ് സിനിമയിലെത്തുന്നത്.

Read more

സെപ്റ്റംബർ രണ്ടാം വാരം മുതൽ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും  പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. അന്ന് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. 1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ.