നടനും, തിരക്കഥാകൃത്തും, ചലച്ചിത്ര നിർമ്മാതാവുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടു മെന്ന് ഗവർണർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് മുക്തി ലഭിക്കട്ടെ എന്നും ഗവർണർ കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.







