രാണുവിനെ കുറിച്ചുള്ള ലതാ മങ്കേഷ്‌കറുടെ വാക്കുകള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചു, നിജസ്ഥിതി ഇങ്ങനെ; വിശദീകരിച്ച് ഹിമേഷ് രേഷ്മായ

മനോഹരമായ ആലാപനമാധുരി കൊണ്ട് രാണു മൊണ്ടാല്‍ എന്ന സ്ത്രീ വളരെ പെട്ടെന്നാണ് രാണാഘട്ടിന്റെ വാനമ്പാടി എന്ന പേര് നേടുന്നതും സിനിമയിലെ പിന്നണിഗായിക എന്ന നിലയിലേക്ക് ഉയരുന്നതും. ലതാ മങ്കേഷ്‌കര്‍ ആലപിച്ച ഗാനം തന്നെ പാടി ശ്രദ്ധേയയായ ഇവര്‍ക്ക് ഒരു ഉപദേശവുമായി സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രംഗത്തെത്തിയിരുന്നു. അനുകരണങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു അവരുടെ വാക്കുകളുടെ സാരം.

അതിന് പിന്നാലെ ലതാ മങ്കേഷ്‌കറെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞു. ഇപ്പോഴിതാ ലതയുടെ വാക്കുകള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കിയതെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത ഗായകനും കമ്പോസറും നടനുമൊക്കെയായ ഹിമേഷ് രേഷ്മായ.

മറ്റ് ഗായകരെ അനുകരിക്കുന്ന പ്രവണത ശരിയല്ലെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് അത് തന്നെയാണ് ലതാജി സൂചിപ്പിക്കുന്നതും. എന്നാല്‍ പ്രശസ്തരില്‍ നിന്നും കഴിവുള്ളവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ആ വാക്കുകള്‍ സൂചിപ്പിക്കുന്നത് തെറ്റില്ലെന്ന് മാത്രമല്ല. അത് വളരെ മഹത്തായ കാര്യവുമാണ്. രാണു മൊണ്ടാല്‍ കൂടി അതിഥിയായിരുന്ന ചടങ്ങില്‍ വെച്ച് ഹിമേഷ് പറഞ്ഞു.

ലതാ മങ്കേഷ്‌കര്‍ പറഞ്ഞത് ജനങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ഹിമേഷ് കൂട്ടിച്ചേര്‍ത്തു.

ലതാമങ്കേഷ്‌കറിന്റെ വാക്കുകള്‍

‘ആര്‍ക്കെങ്കിലും എന്റെ പേരു കൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം.’അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല.

ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്ക് സുനിതി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. ‘-ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.