അധ്യാപകരുടെ നോവും നൊമ്പരവും പറയാന്‍ ഹെഡ്മാസ്റ്റര്‍; ചിത്രീകരണം തിരുവനന്തപുരത്ത്

സ്വന്തം ജീവിത സാഹചര്യങ്ങളോടും, വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരു സ്‌കൂള്‍ അധ്യാപകന്റെ കഥയാണ് ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിക്കുന്ന ‘ഹെഡ്മാസ്റ്റര്‍ ‘ പറയുന്നത്.. എഴുത്തുകാരനും നടനുമായ തമ്പി ആന്റണി ഹെഡ്മാസ്റ്ററിനെ അവതരിപ്പിക്കുമ്പോള്‍, സഹോദരന്‍ ബാബു ആന്റണി അധ്യാപകന്റെ മകനായി എത്തുന്നു..
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളില്‍ സ്‌കൂള്‍ അധ്യാപകര്‍ അനുഭവിച്ച ദുരിത പര്‍വ്വങ്ങളുടെ നേര്‍ കാഴ്ചയാവും, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റര്‍.
തണല്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ച രാജീവ് നാഥിന്റെ ഇരുപത്തിയേഴാമത് ചിത്രമാണ് ഹെഡ്മാസ്റ്റര്‍.

ജീവിതത്തിലെ സങ്കീര്‍ണ ഭാവങ്ങളെ അതിന്റെ വൈകാരിക അംശംങ്ങള്‍ ചോര്‍ന്നു പോവാതെ അവതരിപ്പിച്ച ചിത്രങ്ങള്‍ ആയിരുന്നു രാജീവ് നാഥിന്റെ അഹം, ജനനി, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍.. അതേ പോലെ മലയാളത്തിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഹെഡ്മാസ്റ്റര്‍.

പ്രസിദ്ധ എഴുത്തുകാരന്‍ കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോര്‍ എന്ന കഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റര്‍.

തമ്പി ആന്റണി, ബാബു ആന്റണി, ദേവി (നടി ജലജയുടെ മകള്‍ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാല്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍ , കഴക്കൂട്ടം പ്രേംകുമാര്‍ , ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകന്‍), കാലടി ജയന്‍ , പുജപ്പുര രാധാകൃഷ്ണന്‍ , മഞ്ജു പിള്ള , സേതുലക്ഷ്മി, മിനി, ജയന്തി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ – ചാനല്‍ ഫൈവ് , സംവിധാനം – രാജീവ് നാഥ് , നിര്‍മ്മാണം – ശ്രീലാല്‍ ദേവരാജ്, തിരക്കഥ – രാജീവ് നാഥ് , കെ ബി വേണു, ഛായാഗ്രഹണം – പ്രവീണ്‍ പണിക്കര്‍