'കാതലിക്കാ യാരുമില്ലൈ'; കോമഡി ഹൊറര്‍ ചിത്രത്തില്‍ നായകനായി ജി.വി പ്രകാശ്

സംഗീത സംവിധായകനായി തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനായ ജി വി പ്രകാശ് അഭിനയരംഗത്തും ശോഭിക്കുകയാണ് ജിവി പ്രകാശ് നായകനായി ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ഒരു കോമഡി ഹൊറര്‍ ചിത്രത്തിലും ജി വി പ്രകാശ് നായകനാകുന്നു. “കാതലികാ യാരുമില്ലൈ” എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. കമല്‍ പ്രകാശ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റെയ്‌സ വില്‍സണ്‍ ആണ് നായികയായി എത്തുന്നത്. ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലുണ്ട്. എസ് വെങ്കടേഷ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രത്തിന്റെ അതേപേരിലും ജി വി പ്രകാശ് നായകനായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്.

ആയിരം ജന്മങ്ങള്‍ എന്ന സിനിമയിലാണ് ജി വി പ്രകാശ് നായകനാകുന്നത്. രജനികാന്ത് നായകനായ ആയിരം ജന്മങ്ങള്‍ 1978ലായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല.