ഉണ്ണി മുകുന്ദന്റെ കണ്ണ് പൊത്തി ജി.പി; ജന്മദിനത്തില്‍ താരത്തിന് കിടിലന്‍ സര്‍പ്രൈസ്

ഉണ്ണി മുകുന്ദന്റെ ജന്മദിനത്തില്‍ താരത്തിന് സര്‍പ്രൈസ് കൊടുത്ത് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. പിറന്നാള്‍ കേക്കുമായാണ് ജിപി ഉണ്ണിയുടെ വീട്ടിലെത്തിയത്. പെട്ടെന്ന് പുറകില്‍ നിന്നും കണ്ണുപൊത്തിയ കൈകളുടെ ഉടമയെ തിരിച്ചറിയാന്‍ ഉണ്ണിയും ബുദ്ധിമുട്ടി.

അച്ഛനാണോ എന്നായിരുന്നു ഉണ്ണി ആദ്യം തന്നെ ചോദിച്ചത്. ജിപിയുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിം കമ്പനിയുടെ ബാനറില്‍ താരം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മല്ലു സിംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും ഉണ്ണിയും ഒന്നിക്കുന്ന ചിത്രമാണിത്. കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഉണ്ണിയുടെ മാസ് ഗെറ്റപ്പാണ് ഫസ്റ്റ്‌ലുക്കില്‍. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹന്‍ സംവിധാനം ചെയുന്ന “മേപ്പടിയാന്‍” എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോള്‍ അഭിനയിക്കുവാന്‍ തയ്യാറെടുക്കുന്നത്. മേപ്പടിയാനായി ഉണ്ണി ശരീരഭാരം കൂട്ടി കുടവയറനായതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.