തെന്നിന്ത്യൻ സംവിധായകൻ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഇനിമേൽ’ എന്ന മ്യൂസിക് വീഡിയോയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംവിധായകനിൽ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം വളരെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കികാണുന്നത്.
എന്നാൽ ഇപ്പോഴിതാ ടീസർ പുറത്തുവന്നതോടു കൂടി, കമന്റുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി ശങ്കർ. ‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ എന്റെ തലവെട്ടി, എന്താണിത് ലോകേഷ്’ എന്നാണ് ഗായത്രി ശങ്കർ ചോദിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അമർ എന്ന കഥാപാത്രത്തിന്റെ കാമുകിയായാണ് ഗായത്രി ശങ്കർ എത്തിയത്. എന്നാൽ ഗായത്രിയുടെ കഥാപാത്രം ചിത്രത്തിൽ കൊല്ലപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെടുത്തി തമാശ രൂപേണയാണ് ഗായത്രി ലോകേഷിന്റെ മ്യൂസിക് വീഡിയോക്ക് കമന്റുമായി എത്തിയത്.
എക്സിൽ മ്യൂസിക് വീഡിയോയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് ഗായത്രി കമന്റ് ചെയ്തത്. തുടർന്ന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കമൽ ഹാസനാണ് ദ്വാരകേഷ് പ്രഭാകർ സംവിധാനം ചെയ്ത ഇനിമേൽ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 25 നാണ് റിലീസ്.








