മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാടില്ല, തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീര്‍ത്തി ഇവിടെ വാങ്ങുന്നത്; വിമര്‍ശനങ്ങളോട് സുരേഷ് കുമാര്‍

മകള്‍ കീര്‍ത്തിയും അധിക പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. വലിയ പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ വീട്ടില്‍ ഇരിക്കേണ്ടി വരും എന്ന് സുരേഷ് കുമാര്‍ പറഞ്ഞതിന് പിന്നാലെ മകളും നടിയുമായ കീര്‍ത്തി സുരേഷിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ കീര്‍ത്തി മറ്റ് ഭാഷകളില്‍ വാങ്ങുന്ന പ്രതിഫലത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ എത്തിയത്. ഇതിനോടാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല എന്നാണ് സുരേഷ് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

”മകള്‍ കീര്‍ത്തിയും കൂടുതല്‍ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകള്‍ക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീര്‍ത്തി മലയാളത്തില്‍ വാങ്ങുന്നത്. മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ.”

”തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളില്‍ ആള് കയറുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകള്‍ വെറും രണ്ട് ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്” എന്നാണ് സുരേഷ് കുമാര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് കീര്‍ത്തി കൂടുതലായി ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ താരം പ്രതിഫലം മൂന്ന് കോടിയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ‘മഹാനടി’, ‘ദസറ’ എന്നിവയല്ലാതെ അധികം വിജയ ചിത്രങ്ങളൊന്നും കീര്‍ത്തിയുടെ കരിയറില്‍ ഇല്ല. ഇത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.