‘സച്ചിനോ’ടെ കരിയറില്‍ അജു വര്‍ഗീസിന് നൂറിന്റെ തിളക്കം

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം സച്ചിന്‍ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. നര്‍മ്മമുഹൂര്‍ത്തങ്ങളുമായി മലയാളത്തിന്റെ പ്രിയ നടന്‍ അജുവര്‍ഗ്ഗീസും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അജുവിന്റെ കരിയറില്‍ ചെയ്ത സിനിമകള്‍ ഇതോടെ നൂറ് തികയുകയാണ്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് തുടങ്ങിയ ചലച്ചിത്രയാത്ര നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കോമഡിയ്‌ക്കൊപ്പം തന്നെ ഗ്രേ ഷേഡ് കഥാപാത്രങ്ങളും അനായാസമായി ഈ നടന്‍ കൈകാര്യം ചെയ്തു. തട്ടത്തിന്‍ മറയത്ത്, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കുകയും ചെയ്തു.

നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തുന്ന ലൗ ആക്ഷന്‍ ഡ്രാമയിലൂടെ നിര്‍മാണരംഗത്തേക്കും ചുവടുവെക്കുകയാണ് അജു. ഓണത്തിന് ഈ ചിത്രം തീയേറ്ററുകളിലെത്തും.