പ്രണയരംഗവുമായി പ്രിയ വാര്യരും സര്‍ജാനോ ഖാലിദും ; 4 ഇയേഴ്സിലെ ഡിലീറ്റഡ് സീന്‍ പുറത്ത്; വീഡിയോ

രഞ്ജിത് ശങ്കര്‍ ചിത്രമായ 4 ഇയേഴ്‌സ് നവംബര്‍ അവസാന വാരമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സമ്മിശ്രപ്രതികരണാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി, ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍, ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് താരം പ്രിയ പ്രകാശ് വാര്യരും, ജൂണ്‍ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സര്‍ജാനോ ഖാലിദുമാണ് ഗായത്രി, വിശാല്‍ എന്നീ കഥാപാത്രങ്ങള്‍ക്കാണ് ഇവര്‍ ജീവന്‍ പകര്‍ന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്ത് വന്നിരിക്കുകയാണ്. പ്രിയയും സര്‍ജാനോയും വളരെ ഇഴുകി ചേര്‍ന്നഭിനയിക്കുന്ന ഒരു പ്രണയ രംഗമാണ് വന്നിരിക്കുന്നത്. നേരത്തെ ഇരുവരും വളരെ ചേര്‍ന്നഭിനയിച്ച ഇതിലെ ഗാനത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.

പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ആ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപും, ഇതിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ശങ്കര്‍ ശര്‍മയുമാണ്. അന്യ ഭാഷയില്‍ തിളങ്ങി നിന്നിരുന്ന പ്രിയ പ്രകാശ് വാര്യര്‍ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ പതിനാലാമത് ചിത്രമായ 4 ഇയേഴ്‌സ്.